
മുതിർന്ന കോൺഗ്രസ് നേതാവും തിരുവനന്തപുരത്ത് നിന്നുള്ള ലോക്സഭാംഗവുമായ ശശി തരൂരിനെതിരെ ഉപരോധം പ്രഖ്യാപിച്ച് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. ഇന്നലെ എറണാകുളത്ത് നടന്ന ശശി തരൂരിന്റെ പരിപാടി കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചിരുന്നു. ഇതിനു പിന്നാലെ, തിരുവനന്തപുരത്തെ പരിപാടികളിൽ തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ വ്യക്തമാക്കി. തരൂർ ഇപ്പോൾ തങ്ങളുടെ കൂടെയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
'അദ്ദേഹത്തിന്റെ കാര്യം വിട്ടു. തരൂർ ഞങ്ങളുടെ കൂട്ടത്തിൽ കൂടിയതായി കണക്കാക്കുന്നില്ല. നടപടി വേണമോയെന്ന് ദേശീയ നേതൃത്വം സ്വീകരിക്കട്ടെ. നിലപാട് തിരുത്താത്തിടത്തോളം കാലം തിരുവനന്തപുരത്ത് പാർട്ടിയിലെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ല. അദ്ദേഹം ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല.'- കെ. മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനെ കൊണ്ട് നേടാവുന്നതെല്ലാംശശി തരൂർ നേടിയെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻറെ പ്രതികരണം.പലതവണ ഹൈക്കമാൻഡ് വിലക്കിയിട്ടും തരൂർ പിന്നോട്ട് പോയില്ല. രാജ്യമാണ് വലുത് കോൺഗ്രസ് രണ്ടാമതെന്നാണ് തരൂരിന്റെ പുതിയ രീതി. ഇതോടെയാണ് തരൂരിനെതിരെ കോൺഗ്രസ് നേതാക്കൾ പടപ്പുറപ്പാട് തുടങ്ങിയത്. കോൺഗ്രസ് നശിക്കണമെന്ന് ആഗ്രഹിക്കുന്നവരോടൊപ്പം ആണ് ഇപ്പോൾ തരൂരെന്ന് എന്ന് ഉണ്ണിത്താൻ പ്രതികരിച്ചു.











